2018, ജൂലൈ 11, ബുധനാഴ്‌ച

mk haji - എം.കെ.ഹാജി



( എം.കെ ഹാജി – MK HAJI ) 


1904 ല്‍ തീര്‍ത്തും ദരിദ്ര ചുറ്റുപാടില്‍ പിറന്ന് വീണ മൂന്ന് കണ്ടന്‍ കുഞ്ഞഹമ്മദ് ( എം.കെ ഹാജി – MK HAJI ) രണ്ടര വയസ്സായപ്പോള്‍ പിതാവിനെ നഷ്ടപ്പെട്ട് അനാഥനായി. പതിനാലാം വയസ്സ് വരേ ഉമ്മയുണ്ടാക്കി കൊടുക്കുന്ന പത്തിരി വില്‍പ്പന നടത്തി ജീവിതം തള്ളിനീക്കി. ശേഷം തന്‍റെ കൗമാരത്തില്‍ ഒരു സായിപ്പിന്‍റെ എസ്റ്റേറ്റില്‍ ജോലിക്കാരനായി, ഖിലാഫത്ത് പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും ആകൃഷ്ടനായി മുന്നോട്ട് പോകവേ ഏറനാട്ടില്‍ കലാപം ആരംഭിച്ച സമയം ചിലരുടെ ഒറ്റികൊടുക്കല്‍ കാരണം ലഹളക്കാരനെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്യപെടാനുള്ള നീക്കം അദ്ദേഹം മണത്തറിഞ്ഞു. അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ മദിരാശിയിലേക്ക് ഒളിച്ച് തീവണ്ടി കയറിയ കുഞ്ഞഹമ്മദിനെ ടിക്കറ്റില്ലാത്തതിനാല്‍ പിടികൂടി ആര്‍ക്കോണം എന്ന സ്ഥലത്ത് ഇറക്കി വിട്ടു. അവിടെ സ്റ്റേഷന്‍ മാസ്റ്ററുടെ തോട്ടം നനച്ച് ജോലി ചെയ്ത് കിട്ടിയ നാണയ തുട്ടുമായി വീണ്ടും മദിരാശിയിലേക്ക് വച്ച്പിടിച്ചു.

തെരുവില്‍ സമാവറില്‍ ചായ വില്‍പ്പനയടക്കം ജീവിതായോദ്ധനത്തിനായി മദിരാശിയില്‍ പയറ്റി നോക്കാത്ത മാര്‍ഗ്ഗങ്ങളില്ല, അങ്ങിനെ നീണ്ട നാല്‍പ്പത് വര്‍ഷം, കല്ലും മുള്ളും നിറഞ്ഞ വഴിത്താരകളിലൂടെ നടന്ന് കഠിനപ്രയത്നങ്ങളിലൂടെയും അല്‍പ്പസ്വല്‍പ്പം ഭാഗ്യത്തിന്‍റെയും പിന്‍ബലത്തില്‍ മൂന്ന് കണ്ടന്‍ കുഞ്ഞഹമ്മദ് കേരളത്തിന് പുറത്ത് നിരവധി ഹോട്ടല്‍ ശൃംഖലകളുടെയും ബേക്കറികളുടെയും ഉടമയായി മാറി, ഒപ്പം കേരളത്തില്‍ എടക്കര എന്ന പ്രദേശത്ത് സ്വന്തമായി ഒരു എസ്റ്റേറ്റും സമ്പാദിച്ചു. സത്യസന്ധമായി നടത്തി കൊണ്ട് പോവുക പ്രയാസമാണ് എന്ന് മനസ്സിലാക്കി ഇതില്‍ പലതും പിന്നീട് വിറ്റൊഴിവാക്കി.

ദാരിദ്ര്യത്തില്‍ കഴിഞ്ഞ മൂന്ന് കണ്ടത്തില്‍ കുഞ്ഞഹമ്മദ് സമ്പന്നനായ എം.കെ ഹാജിയായി വളര്‍ന്നപ്പോഴും തന്‍റെ സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും ഉന്നമനത്തിനായി സമയവും സമ്പത്തും ചിലവഴിച്ചു, ഇസ്മായില്‍ സാഹിബ്, കെ.എം സീതിസാഹിബ്, ബി.പോക്കര്‍ സാഹിബ്, കെ.എം മൌലവി, ബാഫഖി തങ്ങള്‍ എന്നീ സാത്വികരെ ഒരേസമയം നേതാക്കളും ഗുരുനാഥന്‍മാരും സഹപ്രവര്‍ത്തകരുമായി കണ്ട് രാഷ്ട്രീയ മത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സമുദായത്തിന്‍റെ ഉന്നമനത്തിനായി പൊതു പ്ലാറ്റ്ഫോറം എന്ന നന്മയുടെ കാതല്‍ മനസ്സിലാക്കി ഖായിദെമില്ലത്തിനും ബാഫഖിതങ്ങള്‍ക്കുമൊപ്പം തോളോട് തോളുരുമ്മി മുസ്ലിം ലീഗ് രാഷ്ട്രീയ ഭൂമികയില്‍ നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിച്ചു.
വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്തത കൊണ്ടും പൌരോഹിത്യത്തിന്‍റെ തെറ്റായ പ്രാചാരണങ്ങളില്‍ അകപ്പെട്ട് കൊണ്ടും അന്ധവിശ്വാസങ്ങളില്‍ ആണ്ട് പോയിരുന്ന സമുദായത്തെ യഥാര്‍ത്ഥ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും തിരിച്ച് വിളിച്ച് കൊണ്ട് ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ നെടും തൂണായും ഹാജി ജീവിതം ചിലവഴിച്ചു.
മത രംഗത്തെ ആദര്‍ശപരമായ അഭിപ്രായ വെത്യാസങ്ങള്‍ ശക്തമായി ജീവിതത്തില്‍ നിലനിര്‍ത്തികൊണ്ട് തന്നെ, അതിനെ പരസ്പ്പരം കടിച്ച് കീറുന്നതിനുള്ള ഉപായമാക്കാതെ  മുസ്ലിംലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരത്ത് മുഴുവന്‍ നേതാക്കളുമായും ആഴത്തിലുള്ള ഹൃദയ ബന്ധം നിലനിര്‍ത്തി. യതീംഖാനക്ക് വേണ്ടി സൌദാബാദില്‍ ഒരു പള്ളി പണിയാന്‍ തീരുമാനിച്ചപ്പോള്‍ ഇസ്ലാഹീ ആശയത്തിലുള്ള പള്ളിയുടെ തറക്കല്ലിടാന്‍ സുന്നിയും മുസ്ലിം ലീഗ് പ്രസിഡണ്ടുമായ ബാഫഖി തങ്ങളെ തന്നെ കൊണ്ട് വന്ന് സമുദായത്തിന് പരസ്പ്പര ബഹുമാനത്തിന്‍റെ തീക്ഷണത ഉയര്‍ത്തിപിടിച്ച തന്‍റെ നിലപാടുകള്‍ തുറന്ന് കാണിച്ച് കൊടുത്തു.
              മലബാര്‍ ജില്ലാ മുസ്ലിംലീഗ്, കേരള സ്റ്റേറ്റ് മുസ്ലിംലീഗ് എന്നിവയുടെ ഖജാഞ്ചിയായിരുന്നു എം.കെ ഹാജി, മുസ്ലിം ലീഗില്‍ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പുണ്ടായപ്പോള്‍ അഖിലേന്ത്യാ മുസ്ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷനായി. ചന്ദ്രിക ڊ ലീഗ്ടൈംസ് എന്നീ ദിനപത്രങ്ങളുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് ഹാജി നിര്‍വ്വഹിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ ശേഷം പ്രമാണിമാരും നേതാക്കളും ലീഗ് കൊടി വലിച്ചെറിയുന്നതില്‍ പരസ്പ്പരം മത്സരിച്ചപ്പോള്‍ തന്‍റെ സ്വന്തം കാറിന് മുന്നില്‍ ലീഗ് കൊടിയും കുത്തി എം.കെ ഹാജി സധൈര്യം മലബാറില്‍ ലീഗ് പ്രവര്‍ത്തനവുമായി പാഞ്ഞ് നടന്നു. അടിയന്തിരാവസ്ഥാ കാലത്ത് ധാരാളം പീഡന പര്‍വ്വങ്ങളിലൂടെ അദ്ദേഹത്തിന് കടന്ന് പോകേണ്ടി വന്നു.
1943 ല്‍ മലബാറിന്‍െറ പല ഭാഗങ്ങളിലും കോളറ എന്ന മഹാമാരി തിമിര്‍ത്താടിയപ്പോള്‍ ഭയവും നിസ്സഹായതയും മുറ്റിയ തീക്ഷ്ണമായ അന്തരീക്ഷത്തില്‍, നിരാലംഭരെ സഹായിക്കാനുള്ള നിര്‍ദ്ദേശവുമായി സീതിസാഹിബ് ഹാജി സത്താര്‍ സേട്ട് സാഹിബ് എന്നീ പ്രഗല്‍ഭ നേതാക്കളുടെ കത്ത് എം.കെ ഹാജിയെ തേടിയെത്തി, അത് കിട്ടേണ്ട താമസം തന്‍റെ സഹപ്രവര്‍ത്തകരേയും കൂട്ടി ദുരിതം നിറഞ്ഞാടിയ പരപ്പനങ്ങാടി താനൂര്‍ പ്രദേശത്തേക്ക് ഹാജി പുറപ്പെട്ടു, മരണ ഭയത്താല്‍ പേടിച്ചും അറച്ചും പലരും മാറി നിന്ന സന്ദര്‍ഭത്തില്‍ ദുരിതമനുഭവികുന്നവരെ നെഞ്ചോടു ചേര്‍ത്ത് ഹാജിയും കൂട്ടരും തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
തന്‍റെ സ്വന്തം വീട്ടില്‍ അനാഥ കുട്ടികള്‍ക്ക് ഭക്ഷണവും ഇതര സൗകര്യങ്ങളും ഒരുക്കികൊണ്ടും നൂറുല്‍ ഇസ്ലാം മദ്രസയില്‍ താമസ സൗകര്യം ഒരുക്കി കൊണ്ടുമായിരുന്നു തിരൂരങ്ങാടി യതീംഖാനയുടെ ലളിതമായ തുടക്കം. തന്‍റെ ഗുരുവായ കെ.എം മൌലവിയോടൊപ്പം വീടുകള്‍ കയറി ഇറങ്ങി കഞ്ഞിവെള്ളം പോലും ശേഖരിച്ച് അനാഥകളെ പോറ്റി. യതീംഖാനയുടെ പണി വഴിക്ക് വെച്ച് നിലക്കുന്ന ഘട്ടം വന്നപ്പോള്‍ തന്‍റെ വീട് പണി നിര്‍ത്തിവെച്ച് സാധന സാമഗ്രികള്‍ അങ്ങോട്ട് കൊണ്ട് പോയി.
അനാഥനായി വളര്‍ന്ന എം.കെ ഹാജി പിന്നീട് ആയിരക്കണക്കിന് യതീമുകള്‍ക്ക് പിതാവായി, വിദ്യഭ്യാസം ലഭിച്ചിട്ടില്ലാത്ത ഹാജി കാലാന്തരത്തില്‍ പതിനായിരങ്ങള്‍ക്ക് വിദ്യയുടെ വെള്ളിവെളിച്ചം നല്‍കിയ സ്ഥാപന സമുച്ചയങ്ങളുടെ അധിപനായി, വെള്ളപട്ടാളക്കാര്‍ക്കെതിരെ ഖിലാഫത്ത് പോരാളിയായി തുടങ്ങിയ ആ ജീവിതം പിന്നീട് ഒരു സമുദായത്തിന്‍റെ ആശയും ആവേശവും തുടിക്കുന്ന പ്രസ്ഥാന നേതാവായി, അന്ധകാരത്തില്‍ ആണ്ട് പോയിരുന്ന ഒരു സമൂഹത്തിലെ കണ്ണിയായി ജീവിച്ച ആ മനുഷ്യന്‍ പില്‍ക്കാലത്ത് അന്ധവിശ്വാസങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഊര്‍ജ്ജവും സമ്പത്തും ചിലവഴിച്ച് നവോഥാന പ്രസ്ഥാനങ്ങളുടെ മുന്‍നിര നായകനായി. തന്‍റെ നേത്രത്വത്തില്‍ പടുത്തുയര്‍ത്തിയ സ്ഥാപന സമുച്ചയങ്ങളുടെ നടത്തിപ്പില്‍ സമാനതകളില്ലാത്ത സൂക്ഷ്മതയും ധാര്‍മ്മിക വിശുദ്ധിയും മൂല്യങ്ങളും മരണം വരേ അദ്ദേഹം മുറുകെ പിടിച്ചു, വരും തലമുറയോട് ആ പാതയില്‍ നിന്നും വ്യതിചലിക്കരുതെന്ന് വസ്സിയത്ത് ചെയ്തു.
ദശാസന്ധികളിലും പ്രതിബന്ധങ്ങളുടെ മുന്നിലും ഒട്ടും പതറാതെ നിറഞ്ഞ ആത്മവിശ്വാസവും ഉയര്‍ത്തിപിടിച്ച ശിരസ്സുമായി എം.കെ ഹാജി സമുദായത്തിന് വഴികാട്ടി. കരളിന് മാരകമായ രോഗം ബാധിച്ച്, 1983 നവമ്പര്‍ അഞ്ചിനു കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആ സാര്‍ത്ഥക ജീവിതത്തിന് ഇഹലോകത്ത് അവസാനമായി.
റഫീഖ് പാറക്കല്‍

അഭിപ്രായങ്ങളൊന്നുമില്ല:

https://www.youtube.com/watch?v=zbDedxT2S78&t=92s

തിരൂരങ്ങാടി യതീംഖാന നീണ്ട എഴുപത്തി അഞ്ചു വര്‍ഷത്തെ ധാര്‍മ്മികതയുടെ ചരിത്രം ചിത്രീകരിക്കാനുള്ള എളിയ ശ്രമം നടത്തിയതാണ്. റഫീഖ് പാറക്കല്‍ h...