കാരുണ്യ
വിശുദ്ധിക്ക് ഏഴര പതിറ്റാണ്ട്
1943 ഡിസംബര്‍ 11, ന്യൂനപക്ഷ രാഷ്ട്രീയ ഭൂമികയിലെ അതികായന്‍മാരായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍
ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍, ഹാജീ അബ്ദുല്‍ സത്താര്‍ സേട്ട് സാഹിബ്
ഉദ്ഘാടനം ചെയ്ത തിരൂരങ്ങാടി യതീംഖാന എഴുപത്തി അഞ്ചിന്‍റെ
നിറവിലെത്തി നില്‍ക്കുന്നു.
മലബാര്‍ കലാപത്തിന്‍റെ കനല്‍പഥങ്ങളിലൂടെ
സ്വാതന്ത്ര്യത്തിന്‍റെ പൊന്‍പുലരി സ്വപ്നം കണ്ട ഒരു സമൂഹം, ബ്രിട്ടീഷുകാരനെതിരായ
സമരത്തിന്‍റെ തീച്ചൂളയില്‍ കൊല്ലപ്പെട്ടും ജയിലിലടക്കപ്പെട്ടും നാടുകടത്തപ്പെട്ടും,
അടിച്ചമര്‍ത്തലുകളുടെ പീഡന പര്‍വ്വം അവസാനിച്ചപ്പോള്‍ ബാക്കിയായ
അരക്ഷിതത്വത്തിന്‍റെയും നിസ്സഹായതയുടേയും നടുവില്‍,
അതിജീവനത്തിനായി പൊരുതികൊണ്ടിരുന്ന കാലഘട്ടം, മലബാറിന്റെ പലഭാഗങ്ങളിലും പട്ടിണിപാവങ്ങളുടെ
തലയിലേക്ക് കോളറ എന്ന മഹാമാരി കൂടി വിധിയുടെ
രൂപത്തില്‍ കടന്നെത്തിയ ദുരിത പൂര്‍ണ്ണമായ നാളുകള്‍. വെള്ളിയാഴ്ച ജുമൂഅ നമസ്ക്കാരത്തിന് നിറഞ്ഞ് കവിയുന്ന പോലെ, മരണ ഭയത്താല്‍ ആളുകള്‍ കൂട്ടമായി അഞ്ചു നേരവും പള്ളികളില്‍ തിങ്ങി
നിറഞ്ഞ ദിവസങ്ങള്‍, ഒരു മയ്യിത്ത് മറമാടി പള്ളിക്കാട്ടില്‍
നിന്നും തിരിച്ചിറങ്ങുംമ്പോഴേക്ക് അടുത്ത മരണവാര്‍ത്ത ചെവിയിലെത്തികൊണ്ടിരുന്നു.
പുരോഗമിച്ചിട്ടില്ലാത്ത വൈദ്യശാസ്ത്രം
നോക്കുകുത്തിയായി നില്‍ക്കവേ, അനുദിനം പെരുകിയ വിധവകളുടെയും അനാഥ
മക്കളുടേയും ഒരു നേരത്തെ അന്നത്തിനായുള്ള ആര്‍ത്തനാദം കൊണ്ട് അന്തരീക്ഷം കണ്ണീര്‍വാര്‍ത്ത
ദിനരാത്രങ്ങള്‍. ഒരു പരിഹാരത്തിനായി പണ്ഡിത ശ്രേഷ്ഠനായ
കെ.എം.മൌലവിയുടേയും, ഇച്ചാശക്തിയുടെ പ്രതിരൂപമായ എം.കെ
ഹാജിയുടേയും, നേതൃത്വത്തില്‍ സാത്വികരായ ഒരുകൂട്ടം
മനുഷ്യസ്നേഹികള്‍, തിരൂരങ്ങാടി നൂറുല്‍ ഇസ്ലാം മദ്രസയില്‍
ഒത്ത് ചേര്‍ന്നു. സാമൂഹിക മുന്നേറ്റത്തിന്‍റെ സകലമാന ചിറകുകളും മുറിച്ചെറിയപ്പെട്ട ഒരു സമുദായത്തിന്‍റെ സര്‍വതോന്മുഖമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്
നിമിത്തമായികൊണ്ട്, ഒരു നിയോഗം പോലെ മലബാറിലെ മാപ്പിളമാര്‍ക്ക്
പുണ്യമായി പടച്ച തമ്പുരാന്‍ അനുഗ്രഹിച്ചയച്ച കെ.എം സീതി സാഹിബ് എന്ന പരിഷ്ക്കര്‍ത്താവിന്‍റെ
അനുഗ്രഹാശിസ്സുകളോടെയായിരുന്നു ആ ഒത്തു ചേരല്‍.
തന്‍റെ ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിപിടിച്ച്
കൊണ്ട്, യത്തീമിനെ സംരക്ഷിക്കുന്നവനും ഞാനും നാളെ സ്വര്‍ഗ്ഗ
പൂങ്കാവനത്തില്‍ ഇങ്ങിനെ ചേര്‍ന്ന് നില്‍ക്കുമെന്ന് പഠിപ്പിച്ച പ്രവാചക വചനത്തില്‍
നിന്നും ഊര്‍ജ്ജം സ്വീകരിച്ച് കൊണ്ടും, ദൈവ പ്രീതി
മാത്രം കാംക്ഷിച്ച് കൊണ്ടുമുള്ള അനാഥ സംരക്ഷണത്തിന്‍റെ ഉദാത്ത മാതൃകക്ക് നാന്ദി
കുറിച്ചത് അവിടെ നിന്നായിരുന്നു. ഭാഗികമായി കോഴിക്കോട് JDT യതീംഖാനയുടെ ശാഖയായികൊണ്ടായിരുന്നു ലളിതമായ ആ തുടക്കം. മാസാമാസം
അമ്പത് രൂപ ഈ ഇനത്തില്‍ JDT ക്ക് പിരിവെടുത്ത് നല്‍കാനും തീരുമാനമായി.
എം.കെ ഹാജി എന്ന മഹാ മനീഷിയുടെ
വീട്ടില്‍ നിന്നും ആരംഭിച്ച ഒരു സംരംഭം, പിന്നീട് നൂറുല്‍
ഇസ്ലാം മദ്രസയിലും, ശേഷം JDT യില്‍ നിന്നും ബന്ധം വേര്‍പ്പെടുത്തി 1945 ജൂണ്‍
27 ന് തിരൂരങ്ങാടി
മുസ്ലിം ഓര്‍ഫനേജ് കമ്മറ്റി എന്ന നാമദേയത്തില്‍ സ്വന്തമായി കമ്മറ്റി രൂപീകരിച്ചു, 1946 ഒക്ടോബര്‍
16 ന് ഇന്ത്യന്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രെജിസ്റ്റര്‍ ചെയ്തു. വെറുമൊരു തുടക്കമായിരുന്നില്ല, ധാര്‍മ്മിക വൈക്ഞാനിക വിദ്യഭ്യാസ മേഖലകളില്‍ ഒരു സമൂഹത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ
വിസ്ഫോടനങ്ങള്‍ക്ക് ഹേതുവായ തുടക്കം. സമൂഹത്തിന്‍റെ
പിന്നാമ്പുറ കുപ്പത്തൊട്ടികളിലേക്ക് വലിച്ചെറിയപ്പെട്ട്, നാടിനും
കുടുംബത്തിനും വിനാശകരമായി വളര്‍ന്ന് വന്നേക്കാവുന്ന ഒരു തലമുറയെ, മാതാപിതാക്കളുടെ വിരല്‍ തുമ്പിന്‍റെ വാത്സല്യത്തില്‍ വിദ്യയും
അന്നവും സംരക്ഷണവും നല്‍കി സനാഥരാക്കിയ സാമൂഹിക വിപ്ലവത്തിന്‍റെ കണ്‍കുളിമയാര്‍ന്ന
തുടക്കം.
ശേഷം, ഓഫീസും ഹോസ്റ്റലുകളും അടുക്കളയും ഭക്ഷണ ഹാളും വിദ്യാഭ്യാസ
സൌകര്യങ്ങളും പ്രാര്‍ഥനക്കായി വിശാലമായ പള്ളിയും ഭാവിയില്‍ തുടങ്ങേണ്ടി വരുന്ന
സ്ഥാപനങ്ങള്‍ക്കുള്ള സൌകര്യങ്ങളും എല്ലാം എല്ലാം ഉള്‍ക്കൊള്ളിച്ച് കൊണ്ട് ചീഫ്
എഞ്ചിനീയറായിരുന്ന ടി.പി കുട്ട്യാമു സാഹിബിന്‍റെ നേതൃത്വത്തില്‍ മാസ്റ്റര്‍പ്ലാന്‍തയ്യാറാക്കപ്പെട്ടു. അങ്ങിനെ ഇന്ന് കാണുന്ന സൌദാബാദിലെ പ്രവിശാലമായ കാംപസിലേക്ക് ആ ചെറു
സംരംഭം പറിച്ചു നടപ്പെട്ടു.
1956 jun പത്തിന് 'ദാറുസ്സലാം'
രക്ഷയുടെ മന്ദിരം എന്ന പേരിട്ട ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ
ശിലാസ്ഥാപനം അബുസ്സബാഹ് അഹമദലി മൌലവി അല്‍ അസ്ഹര്‍ നിര്‍വ്വഹിച്ചു, 1959 ജനുവരി 22 ന് ഹോസ്റ്റലിന്‍റെ ഒന്നാമത്തെ
ബ്ലോക്ക് അഭിവന്ദ്യനായ കേരള ഗവര്‍ണ്ണര്‍ ഡോക്ടര്‍ ബി. രാമകൃഷ്ണ റാവു ഉദ്ഘാടനം
ചെയ്തു, അങ്ങിനെ
ഒരേ സമയം ആയിരത്തി അഞ്ഞൂറിലധികം അനാഥമക്കള്‍ക്ക് താങ്ങും തണലുമായി ആ മഹാ പ്രസ്ഥാനം
വളര്‍ന്ന് പന്തലിച്ചു.
പ്ലാറ്റിനം
ജൂബിലിയിലേക്ക് നടന്നടുക്കുന്ന സുദീര്‍ഘമായ കാലച്ചക്രത്തിനിടയില്‍ ചെറുതും
വലുതുമായ, പതിനൊന്നോളം സ്ഥാപനങ്ങള്‍ യതീംഖാനയുടെ കീഴില്‍
നിലവില്‍ വന്നു. 1939 ഫെബ്രുവരി രണ്ടാം തീയതി സ്ഥാപിതമായി,
തിരൂരങ്ങാടി കേന്ദ്രമായുള്ള സര്‍വ സാമൂഹിക മുന്നേറ്റങ്ങളുടെയും
ഈറ്റില്ലമായി വര്‍ത്തിച്ച നൂറുല്‍ ഇസ്ലാം മദ്രസ, പിന്നീട് തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മറ്റിയുടെ ഭാഗമായി.
മലബാറിലെ മത ധാര്‍മ്മിക നവോഥാന രംഗത്ത് ഇതിഹാസങ്ങള്‍ക്ക് തുടക്കം കുറിച്ച പല കാല്‍വെപ്പുകള്‍ക്ക്
പിന്നിലും ചോദനയായി വര്‍ത്തിച്ചത് അറിവിന്‍റെ ഈ മഹാഗോപുരമായിരുന്നു. 1955 ജൂലൈ രണ്ടാം തീയതി കാലാന്തരത്തില്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറിയ
ഒറിയന്റല്‍ ഹൈസ്കൂളും, 1960 ജൂലായ് രണ്ടിന് ഓര്‍ഫനേജ് അപ്പര്‍
പ്രൈമറി സ്കൂളും നിലവില്‍ വന്നു. രണ്ട് സ്ഥാപനങ്ങളിലുമായി നൂറ്റിപത്തോളം
അദ്യാപക-അനദ്യാപകര്‍ക്ക് ജീവനക്കാര്‍ക്ക് കീഴില്‍ മുവ്വായിരത്തോളം വിദ്യാര്‍ഥികളാണ് ഇന്നിവിടെ വിദ്യ അഭ്യസിക്കുന്നത്. നാട്ടുകാരും സമീപ പ്രദേശത്ത്കാരുമായ പതിനായിരങ്ങള്‍ക്ക് ഒരേപോലെ
ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാല്‍ വെപ്പിനായുള്ള പ്രാരംഭ വിദ്യാഭ്യാസത്തിന്‍റെ
തുടക്കം ഇവിടെ നിന്നുമായിരുന്നു.
1961 ഒക്ടോബര്‍
പത്തിന് സീതിസാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂട്ടും
സ്ഥാപിതമായി ഒരാള്‍ക്ക് ജോലി ലഭിച്ചാല്‍ പട്ടിണിയും
പരിവട്ടവുമായി കഴിയുന്ന ഒരു നിര്‍ദ്ധന കുടുംബം രക്ഷപ്പെടും എന്ന സാമൂഹിക
സാഹചര്യത്തില്‍ കഴിയുന്ന കുട്ടികള്‍ക്ക് മാത്രമായി ടി.ടി.സി.യുടെ മാനേജ്മെന്റ് ക്വാട്ടാ സീറ്റുകള്‍ എക്കാലത്തും
മാറ്റി വെച്ചു, ഒരു പോളിസി എന്നതിനപ്പുറം അപേക്ഷകന്‍റെ
സാഹചര്യങ്ങള്‍ നേരില്‍ പോയി കണ്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍
മാനേജ്മെന്റ് തന്നെ നേരിട്ട് പ്രതിനിധികളെ പറഞ്ഞയച്ച് നിലനിര്‍ത്തി പോന്ന സാമൂഹിക
പ്രതിബദ്ധതയുടെ ഉന്നത നേര്‍ക്കാഴ്ച.
1964 ഡിസംബര്‍ 18, മുസ്ലിം രാഷ്ട്രീയത്തിന്‍റെ അതികായനായ
അമരക്കാരന്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍ കാമ്പസ്സില്‍ നിര്‍മ്മിക്കുന്ന
ദാറുസ്സലാം മസ്ജിദിന് തറക്കല്ലിട്ടു, വിശ്വാസ രംഗത്തെ
ആദര്‍ശപരമായ അഭിപ്രായവെത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും പരസ്പ്പരം ബഹുമാനിക്കാനും
ആദരിക്കാനും പഠിപ്പിച്ച ഉന്നത സ്ഥാനീയരായ
മഹത്വുക്കള്‍ വരും തലമുറക്കായി
ഇട്ടേച്ചു പോയ അവിശ്വസിനീയതയുടെ സൌഹൃദ കാഴ്ച പള്ളിക്ക് മുന്നിലെ മാര്‍ബിള്‍
ഫലകത്തില്‍ ഇന്നും വെട്ടി തിളങ്ങുന്നു.
1968 ജൂലൈ പതിനഞ്ചാം
തീയതി പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് എന്ന PSMO കോളേജ് നിലവില്‍ വന്നു. 1971
ആഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി കെ.എം മൌലവി മെമ്മോറിയല്‍ അറബിക് കോളേജിന്
തുടക്കമായി, അഫ്ളലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ളലുല്‍ ഉലമ എന്നീ കോഴ്സുകളിലായി
ഒരേസമയം ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. 1992 ല്‍ വിദൂര വിദ്യാഭ്യാസ സ്ഥാപനമായ ഇഗ്നോ സ്റ്റ്ഡി സെന്ററിന് സമാരംഭം
കുറിച്ചു, വര്‍ഷാ വര്‍ഷം രണ്ടായിരത്തി അഞ്ഞൂറിലധികം
വിദ്യാര്‍ഥികള്‍ക്ക് വിവിധ പ്രോഗ്രാമ്മുകളിലായി പഠനം നടത്തുവാന്‍ ഈ സെന്‍റര്‍
അവസരമൊരുക്കുന്നു.
1996 ഫെബ്രുവരി
ഇരുപത്തിനാലിന് എം.കെ ഹാജി ഓര്‍ഫനേജ് ഹോസ്പിറ്റല്‍ തുടക്കം കുറിച്ചു. 2005 ഒക്റ്റോബര്‍ ഒന്നിന് എം.കെ.എഛ് സ്കൂള്‍ ഓഫ് നര്‍സിങ്ങ് നിലവില്‍
വന്നു. ഇന്ത്യന്‍ - കേരള നഴ്സിംഗ്
കൌന്സിലുകളുടെ അംഗീകാരത്തോടെ എഴുപത്തിയഞ്ചോളം വിദ്യാര്‍ഥിനികള്‍ സര്‍ക്കാര്‍ ഫീസ്
മാത്രം നല്‍കി ഈ സ്ഥാപനത്തില്‍ പഠിച്ച് വരുന്നു.
2015
ജൂണ്‍ എട്ടിന് അല്‍ ഫിത്വറ ഇസ്ലാമിക് പ്രീ സ്കൂളിന് തുടക്കമായി, വര്‍ഷത്തില്‍ നൂറോളം കുരുന്നുകള്‍ക്ക് ഇസ്ലാമിക ബാലപാഠവും സ്വഭാവ
രൂപീകരണവും സാധ്യമാക്കുന്ന ആധുനിക മത-പാഠശാലയാണ് ഈ കേന്ദ്രം.
ഭക്ഷണവും പാര്‍പ്പിടവും
ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരേ സമ്പാദിക്കാനുള്ള വിദ്യാഭ്യാസ
സൌകര്യങ്ങളും, തുടര്‍ന്ന് യോഗ്യരായ അന്തേവാസികള്‍ക്ക്
യതീംഖാന സ്ഥാപനങ്ങളില്‍ തന്നെ ജോലിയും നല്‍കി, ഡോക്ടര്‍മാരും
അദ്യാപകരും എന്‍ജിനീയര്‍മാരും രാഷ്ട്രീയ നേതാക്കളും ബിസിനസ് രംഗത്ത്
തിളങ്ങിയവരുമടക്കം, ആയിരക്കണക്കായ അന്തേവാസികള്‍ക്ക്
ലോകത്തിന്‍റെ വിവിധ കോണുകളില്‍ പില്‍കാലത്ത് ഉന്നത സാമൂഹിക ജീവിതം
എത്തിപിടിക്കുന്നതില്‍ കൈത്താങ്ങായ
ശ്രേഷ്ഠ ദൌത്യം. ദുരിതം പേറുന്ന ദലിത് സമൂഹത്തില്‍ നിന്നും
യതീംഖാനയില്‍ അന്തേവാസിയായി എത്തി,
പ്രാഥമിക-ഹൈസ്കൂള്‍ വിദ്യാഭ്യാസ ശേഷം യതീം ഖാന
ടി.ടി.സി യില്‍ നിന്നും പഠിച്ചിറങ്ങി, യതീംഖാന
സ്കൂളില്‍ അദ്യാപകനായി, ശേഷം കേരള നിയമസഭാ സാമാജികനും, പി.എസ്.സി മെമ്പറുമായി ശോഭിച്ച്, മരണം
വരേ എം.കെ ഹാജി എന്ന പുണ്യപുരുഷനെ 'ഉപ്പാ' എന്ന് മാത്രം സംബോധന ചെയ്ത കെ.പി രാമന്‍
മാസ്റ്ററെ പോലുള്ള ഉന്നത ശീര്‍ഷ്യരെ വാര്‍ത്തെടുത്ത് നാടിന് നല്‍കിയ പുണ്യം.
അന്തേവാസികളായി
തുടരവേ ഏഴര പതിറ്റാണ്ടിനിടയില്‍ യതീംഖാനയില്‍ വെച്ച് തന്നെ മംഗല്യഭാഗ്യം ലഭിച്ച്
ഊഷ്മളമായ കുടുംബജീവിതത്തിന്‍റെ സൌഭാഗ്യത്തിലേക്ക് കാലെടുത്ത് വെച്ച പെണ്‍കുട്ടികുട്ടികള്‍
നിരവധിയായിരുന്നു. തുടര്‍ച്ചയായി എട്ട് വര്‍ഷത്തിലധികം പ്രസ്തുത സ്ഥാപനത്തില്‍
ജീവിച്ച പെണ്‍കുട്ടികള്‍ യതീംഖാനയില്‍ വെച്ച് വിവാഹിതരാവുമ്പോള്‍ അഞ്ചു പവന്‍
സ്വര്‍ണ്ണാഭരണം, സ്ഥാപനം സ്വന്തം മക്കള്‍ക്ക്
സമ്മാനമായി നല്‍കി പോരുന്നു. പതിനായിരത്തിന് മുകളില്‍ യത്തീമുകള്‍ക്കും
അഗതികള്‍ക്കും അത്താണിയായും, ഭൌതിക വിദ്യാഭ്യാസ മേഖലയില്‍ ജില്ലയുടെ
തന്നെ നിവര്‍ന്ന് നില്‍പ്പിന് നട്ടെല്ലായും, മത-ധാര്‍മ്മിക വൈക്ഞാനിക രംഗത്ത്
പുണ്യമായും, ആതുര സേവന മേഖലയില്‍ സാന്ത്വന സ്പര്‍ശമായും
ആ കുളിര്‍ തെന്നല്‍ എഴുപത്തിഅഞ്ചിന്‍റെ നിറവിലേക്ക് നടന്നടുക്കുകയാണ്.
ഗാന്ധിജിയുടെ
ഉറ്റ സുഹൃത്തായിരുന്ന, അതിര്‍ത്തി ഗാന്ധി എന്ന പേരില്‍
ചരിത്രത്തില്‍ ഇടം നേടുകയും, പില്‍ക്കാലത്ത് ഇന്ത്യയുടെ പരമോന്നത
ബഹുമതിയായ ഭാരത് രത്ന അവാര്‍ഡ് നേടുകയും ചെയ്ത
ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്‍ മുതല്‍, അറബ്
രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ വരേ, സൌദാബാദിന്‍റെ
പുണ്യം ചെയ്ത മണല്‍ തരികളില്‍ ചവിട്ടാത്ത ദേശീയ/അന്തര്‍ ദേശീയ നേതാക്കള്‍ ചുരുക്കമാണ്. മാനുഷികതയുടെ കണ്കണ്ട ശ്രീകോവില്‍ നിലനില്‍ക്കുന്ന സൌദാബാദില്‍ 1985
september ഏഴിന് വിരുന്നെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി
രാജീവ് ഗാന്ധി അതിഥി പുസ്തകത്തില്‍
ഇങ്ങിനെ കുറിച്ചിട്ടു, ''അനുഭവത്തിന്‍റെയും പ്രയോഗത്തിന്‍റെയും
പിന്‍ബലത്തില്‍ പാരമ്പര്യം കാത്ത് സൂക്ഷിച്ച് കൊണ്ട് മുന്നോട്ട് പോവാനും ആധുനിക
ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ പങ്ക്
വഹിക്കാനും യതീംഖാനക്കും കുട്ടികള്‍ക്കും സാധിക്കട്ടെ.''
ജീവിതവും വിയര്‍പ്പും
സമ്പത്തും, ഈ പുണ്യ ഗോപുരങ്ങള്‍ക്ക് അടിത്തറ
പാകാനായ് ത്യജിച്ച് പോയവര്‍ കാണിച്ച് തന്ന ധാര്‍മ്മിക പാതയില്‍ നിന്നും, അണുവിട വ്യതിചലിക്കാതെ ഈ മഹല്‍ സംരംഭങ്ങള്‍ മുന്നേറികൊണ്ടിരിക്കുന്നു. വര്‍ത്തമാന കമ്പോളത്തില്‍ ശതകോടികള്‍ക്ക് വില്‍പ്പനചരക്കാകുമായിരുന്ന
വിദ്യാഭ്യാസ-ആതുരസേവന രംഗത്തെ സീറ്റുകളും നിയമനങ്ങളും ഒരു ചില്ലികാശിന്‍റെ കോഴ
വാങ്ങാതെ, യതീമുകള്‍ക്കും ദുര്‍ബലര്‍ക്കും മുന്‍ഗണന നല്‍കി,
ഏഴര പതിറ്റാണ്ടായി തുടരുന്ന അവിശ്വസിനീയ ജൈത്രയാത്ര. പണം വാങ്ങാതെ എങ്ങിനെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തും എന്ന വര്‍ത്തമാന
ജീര്‍ണ്ണ മനസ്ഥിതിയോട് രാജിയാവാതെ, മൂന്നാം തലമുറയും മുറുകെ പിടിക്കുന്ന
ആദര്‍ശ വിശുദ്ധി. അതെങ്ങിനെയെന്ന് കണ്ടറിയണമെങ്കില്‍
തിരൂരങ്ങാടിയിലേക്ക് വരിക.
എഴുപത്തിയഞ്ചു
ആണ്ടുകള്‍ക്ക് മുന്‍പ്, തിരൂരങ്ങാടിയില്‍ നിന്നും യതീംമക്കള്‍ക്കായി
സഹായം അര്‍ഥിച്ച് ചെന്ന സംഘത്തോട്, 'ആരെ കണ്ടാണ്
ഇത്രയും വലിയ സാഹസത്തിന് നിങ്ങള്‍ ഇറങ്ങിതിരിച്ചത്' എന്ന
കോഴിക്കോട്ടെ വര്‍ത്തക പ്രമാണിയുടെ നടുക്കുന്ന ചോദ്യത്തിന് ഉത്തരമായി, മുകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട്, സര്‍വ്വശക്തനായ
പടച്ചതമ്പുരാനെ കണ്ട് എന്ന് മറുപടി പറഞ്ഞ ഇച്ഛാശക്തിയുടെ മാത്രം പിന്‍ബലത്തില്‍, തിരൂരങ്ങാടി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും അഭംഗുരം മുന്നോട്ട്
ഗമിക്കുകയാണ്.
ജാതിയും-മതവും-രാഷ്‌ട്രീയവും
മറന്ന് കൊണ്ട്, ധാര്‍മ്മിക വിശുദ്ധിയുടെ കൊടിക്കൂറക്ക് മുന്നില്‍ സ്നേഹവും പ്രാര്‍ഥനയും കൈത്താങ്ങുമായി
നാട്ടിലും മറുനാട്ടിലുമുള്ള ഒരു സമൂഹം തിരൂരങ്ങാടി യതീംഖാന സ്ഥാപങ്ങളെ ഇന്നും
മാറോട് ചേര്‍ക്കുന്നു. വര്‍ഷാ വര്ഷം നല്‍കുന്ന സംഭാവന വാങ്ങുവാന്‍ വീട്ടിലേക്ക്
പ്രതിനിധികള്‍ എത്തിയില്ലെങ്കില്‍ സ്ഥാപനത്തിലേക്ക് അങ്ങോട്ട് തിരഞ്ഞ് ചെല്ലുന്ന
കാരുണ്യ പ്രവാഹം. ദശലക്ഷങ്ങളുടെ സമ്പത്ത് യത്തീംമക്കളുടെ കണ്ണീരൊപ്പാന്‍
മാറ്റിവെച്ചവര്‍, സേവനവും സമയവും ഊര്‍ജ്ജവും ജീവിതവും കൊണ്ട് ഏഴര പതിറ്റാണ്ടിന്‍റെ
മഹാ പ്രയാണത്തെ പുഷ്ക്കല്മാക്കിയവര്‍, എണ്ണിയാലും പറഞ്ഞാലും തീരാത്തെ നന്മയുടെ
കഥകളുമായി കാരുണ്യ വിശുദ്ധിയുടെ ഏഴര പതിറ്റാണ്ട് പിന്നിടുന്ന സാര്‍ത്ഥക
യാത്രയിലാണ് തിരൂരങ്ങാടി യതീംഖാന.
റഫീഖ് പാറക്കല്‍